Top Stories

കര്‍ഷക സംഘർഷം: 23 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു; 100 ൽ അധികം പൊലീസുകാർക്ക് പരിക്ക്

ന്യൂഡൽഹി : കര്‍ഷകരുടെ ട്രാക്റ്റര്‍ റാലിയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഡൽഹി പൊലീസ് 23 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അക്രമങ്ങളില്‍ 100 ൽ അധികം പൊലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റുവെന്നാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്. രണ്ട് പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നലെ ഐടിഒ ജംഗ്ഷനിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകനും മരിച്ചിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയാണ് മരിച്ചത്.

നിരവധി പൊതുവാഹനങ്ങളും മറ്റ് വസ്തുക്കളുമാണ് റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷത്തില്‍ നശിപ്പിക്കപ്പെട്ടത്. പൊലീസിന് മാത്രം, നൂറ് കോടിയോളം രൂപയുടെ വസ്തുക്കളുടെ നാശനഷ്ടം ഇത് വഴിയുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.

ചെങ്കോട്ടയില്‍ വലിയ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തി. കേന്ദ്രസേനയുള്‍പ്പടെയുള്ളവരെയാണ് ചെങ്കോട്ടയുള്‍പ്പടെയുള്ള തന്ത്രപ്രധാനമേഖലകളില്‍ വിന്യസിച്ചിരിക്കുന്നത്. ദില്ലിയുടെ വിവിധ ഭാഗങ്ങളിലും എന്‍സിആര്‍ മേഖലകളിലും ഇന്ന് മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസ്സം നേരിടും.

ഇന്നലെ സിംഘു, തിക്രി, ഗാസിപൂര്‍, മുകാര്‍ബ ചൗക്, നാന്‍ഗ്ലോയ് എന്നിവിടങ്ങളില്‍ ഉച്ചമുതല്‍ അര്‍ദ്ധരാത്രി വരെ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയിരുന്നു. ഇതേ മേഖലകളില്‍ ഇന്നും, ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ മൊബൈല്‍ സേവനം റദ്ദാക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇന്നും ലാല്‍കില, ജുമാ മസ്ജിദ് എന്നീ മെട്രോ സ്റ്റേഷനുകള്‍ അടഞ്ഞു കിടക്കും. ഇവിടങ്ങളിലൂടെ പ്രവേശനമുണ്ടാകില്ല. സ്റ്റേഷനുകളുടെ പ്രവര്‍ത്തനം സാധാരണ പോലെ തുടരും. എന്നാല്‍ എന്‍ട്രി, എക്സിറ്റ് ഗേറ്റുകള്‍ അടഞ്ഞുകിടക്കുമെന്നും മെട്രോ അധികൃതര്‍ അറിയിച്ചു.

സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷികനിയമഭേദഗതികള്‍ക്കെതിരെ പ്രതിഷേധവുമായാണ് ട്രാക്റ്റര്‍ പരേഡുമായി കാര്‍ഷിക സംഘടനകള്‍ റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയിലെ നിരത്തിലിറങ്ങിയത്.പൊലീസുകാരും സമരക്കാര്‍ക്കും ഇടയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി സമരക്കാര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. നേരത്തേ നിശ്ചയിച്ച വഴികള്‍ക്ക് പകരം ഗതിമാറി മറ്റ് വഴികളിലൂടെ കര്‍ഷകര്‍ യാത്ര തുടങ്ങിയതോടെ പൊലീസ് കടുത്ത നടപടി തുടങ്ങുകയായിരുന്നു. നിശ്ചയിച്ചതിലും രണ്ട് മണിക്കൂര്‍ നേരത്തേ ട്രാക്റ്റര്‍ പരേഡ് പല അതിര്‍ത്തികളില്‍ നിന്നും തുടങ്ങിയിരുന്നു. പലയിടത്തും സമരക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിക്കപ്പെട്ടു. ചിലയിടത്ത് പൊലീസ് വെടിവച്ചുവെന്ന് കര്‍ഷകസംഘടനകള്‍ ആരോപിക്കുന്നു. പൊലീസ് വെടിവെപ്പില്‍ ട്രാക്റ്റര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകസംഘടനകള്‍ പറയുമ്പോള്‍ സ്ഥലത്ത് വെടിവെപ്പ് നടന്നിട്ടേയില്ലെന്നാണ് ദില്ലി പൊലീസ് പറയുന്നത്.

ഇതിനിടെയാണ് ഒരു സംഘം കര്‍ഷകര്‍ ചെങ്കോട്ടയിലെത്തിയത്. അവിടെയെത്തി ലാഹോറി ഗേറ്റിലും ചെങ്കോട്ടയിലും ദീപ് സിദ്ദുവിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം കര്‍ഷകര്‍ വിവിധ സിഖ് സംഘടനകളുടെ പതാക കെട്ടി. അവിടെ നിന്ന് അവരെ ഇറക്കി വിടാന്‍ പൊലീസിന് നന്നേ ബുദ്ധിമുട്ടേണ്ടി വന്നു. ദില്ലിയുടെ പലയിടങ്ങളിലും സംഘര്‍ഷം രൂക്ഷമായപ്പോള്‍ അര്‍ദ്ധസൈനികവിഭാഗത്തെ നഗരത്തില്‍ വിന്യസിച്ചു. രണ്ടായിരത്തോളം അര്‍ദ്ധസൈനികരെ ഡൽഹിയുടെ പല ഭാഗങ്ങളിലായി ഇറക്കി. ഒടുവില്‍ ട്രാക്റ്റര്‍ പരേഡ് അവസാനിപ്പിക്കുകയാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് പ്രഖ്യാപിക്കേണ്ടി വന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button