News
ഗായകൻ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു
കൊല്ലം : ഗായകനും ബിഗ്ബോസ് താരവുമായിരുന്ന സോമദാസ് ചാത്തന്നൂര്‍(42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തി, ചികില്‍സ തുടങ്ങി. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായി. തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.
ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ ഇദ്ദേഹം ഗാനമേള വേദികളിലും പിന്നണി ഗാന രംഗത്തും തിളങ്ങി. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ സ്വദേശിയാണ്. ഭാര്യയും നാല് പെണ്മക്കളും ഉണ്ട്. സംസ്കാരം ഇന്ന് പകല്‍ 11.30 ന് ചാത്തന്നൂരിലെ വീട്ടുവളപ്പില്‍ നടക്കും.