ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു തുടർന്ന് സ്വന്തം വൃഷണത്തിന്റെ ഒരുഭാഗം മുറിച്ച് ഇരുകാലുകളും വെട്ടിപ്പരിക്കേൽപ്പിച്ചു
കോട്ടയം:കോട്ടയം മീനടത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തുടർന്ന് ഭർത്താവ് സ്വന്തം വൃഷണത്തിന്റെ ഒരുഭാഗം മുറിക്കുകയും ഇരുകാലുകൾക്കും വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തു. കോട്ടയം മീനടം കങ്ങഴക്കുന്നിലാണ് സംഭവം. കണ്ണൊഴുക്കത്തെ വീട്ടിൽ ജോയ് തോമസ്(52) ആണ് ഭാര്യ സാറാമ്മയെ(50) വെട്ടിക്കൊന്ന് സ്വയം മുറിവേൽപിച്ചത്.ഫോൺവിളിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ശനിയാഴ്ച ഉച്ചയോടെ ഇരുവരുടെയും വീട്ടിലെ അടുക്കളയിൽ വെച്ചാണ് സംഭവം. സാറാമ്മയ്ക്ക് ഫോൺ വന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്കെത്തിച്ചത്. വാക്കേറ്റത്തിനിടെ കുപിതനായ ജോയ് സാറാമ്മയെ കോടാലി ഉപയോഗിച്ചു വെട്ടുകയായിരുന്നു. വെട്ടേറ്റ സാറാമ്മ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴുത്തിലും തലയിലും വീണ്ടും വെട്ടിപരിക്കേൽപിച്ചു. ഒച്ച കേട്ട് ജോയിയുടെ അമ്മ ഓടിയെത്തിയപ്പോൾ സ്വന്തം വൃഷണത്തിന്റെ ഭാഗം മുറിച്ചെറിയുകയും ഇരുകാലുകൾക്കും മുറിവേൽപിക്കുകയും ചെയ്തു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരെയും ജോയ് കോടാലി വീശി പേടിപ്പിച്ചു. രക്തമൊലിപ്പിച്ച് അക്രമാസക്തനായി ജോയി മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചതിനാൽ ആർക്കും അടുക്കാനായില്ല.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയെങ്കിലും പോലീസിനു നേരെയും കോടാലി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.പിന്നീട് കൂടുതൽ പോലീസുകാരെത്തി രക്തം വാർന്നൊഴുകിയ ജോയിയെ കീഴ്പ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജോയി അപകടനില തരണം ചെയ്തു. സാറാമ്മയുടെ മൃതദേഹം പ്രാഥമിക പരിശോധനയ്ക്കു ശേഷം ആശുപത്രിയിലേക്ക് മാറ്റി.
ജോയിക്കും സാറാമ്മയ്ക്കും രണ്ട് മക്കളാണുള്ളത്. ഒരാൾ ലാബ് ടെക്നീഷ്യനും മറ്റൊരാൾ വിദ്യാർഥിയുമാണ്