Top Stories
പാലായിൽ സമവായം പാളി; മാണി സി കാപ്പൻ യുഡിഎഫിലേക്ക്?
കോട്ടയം : പാലാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫിൽ ഉണ്ടായ പ്രശ്നങ്ങളില്‍ സമവായ സാധ്യതകള്‍ മങ്ങി. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി. കാപ്പന് മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. വ്യാഴാഴ്ച കോട്ടയത്തെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും മാണി സി. കാപ്പനുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് വിവരം.
എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും തമ്മില്‍ കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ പാലാ പ്രശ്നം ഏതാണ്ട് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പാലായ്ക്കു പകരം വിജയ സാധ്യതയുള്ള മറ്റൊരു സീറ്റും 3 നിയമസഭാ സീറ്റുകളും രാജ്യസഭാ സീറ്റും എന്‍സിപിക്ക് നല്‍കാമെന്ന് ദേശീയ നേതാക്കള്‍ ധാരണയില്‍ എത്തി. അതനുസരിച്ച് എല്‍ഡിഎഫില്‍ തുടരുമെന്ന് എന്‍സിപി പ്രഖ്യാപിച്ചിരുന്നു.
പിണറായി വിജയനുമായുള്ള തുടർ ചര്‍ച്ചകള്‍ക്കായി പ്രഫുല്‍ പട്ടേല്‍ ഒരാഴ്ചയ്ക്കകം കേരളത്തില്‍ എത്തുമെന്നും എന്‍സിപി- സിപിഎം ദേശീയ നേതൃത്വങ്ങള്‍ അറിയിച്ചു. ഇതനുസരിച്ച് വ്യാഴാഴ്ച പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടു. ഞായറാഴ്ചയ്ക്കകം കൂടിക്കാഴ്ചയ്ക്കായി ഒരു ദിവസം സമയം നല്‍കണം എന്നാവശ്യപ്പെട്ടു. എന്നാല്‍, ഇന്നലെ ഉച്ചവരെയും സമയം ലഭിച്ചില്ലെന്നു എന്‍സിപി നേതാക്കള്‍ പറഞ്ഞു. ഇതോടെ പ്രഫുല്‍ പട്ടേല്‍ സമവായ ചര്‍ച്ച നടന്നില്ലെന്ന് പവാറിനെ അറിയിച്ചു. ഇതോടെ പാലാ സീറ്റില്‍ മാണി സി കാപ്പന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെ കുറേ ഉറപ്പായി.