ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന സമൂഹമാദ്ധ്യമങ്ങളെ അംഗീകരിക്കില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി : ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്ന സമൂഹമാദ്ധ്യമങ്ങളുടെ നിലപാട് അംഗീകരിക്കില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘ട്വിറ്ററോ, ഫേസ്ബുക്കോ വാട്സാപ്പോ ഏത് സമൂഹമാദ്ധ്യമങ്ങളായാലും തെറ്റായ വാര്‍ത്തയും അക്രമവും പടരാന്‍ ഇടയാക്കിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
നിങ്ങള്‍ക്ക് ഇന്ത്യയില്‍ കോടിക്കണക്കിന് പേരെ അക്കൗണ്ടില്‍ ചേര്‍ക്കാം. പണമുണ്ടാക്കാം. പക്ഷെ ഇന്ത്യന്‍ നിയമങ്ങളെയും ഭരണഘടനയെയും അനുസരിക്കണം. അമേരിക്കയിലെ ക്യാപിറ്റോളില്‍ ആക്രമണം നടന്നപ്പോള്‍ ട്വിറ്റര്‍ ഉള്‍പ്പടെ സമൂഹമാദ്ധ്യമങ്ങള്‍ പൊലീസ് അന്വേഷണത്തിനൊപ്പം നിന്നു. എന്നാല്‍ ചെങ്കോട്ടയില്‍ നടന്ന ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയാണ് നില്‍ക്കുന്നത്. നമ്മുടെ അഭിമാനമാണ് ചെങ്കോട്ട. ഈ ഇരട്ടത്താപ്പ് അനുവദിക്കില്ലന്നും മന്ത്രി വ്യക്തമാക്കി. ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്രം ചൂണ്ടിക്കാട്ടിയ 1178 അക്കൗണ്ടുകള്‍ ട്വിറ്ററുകള്‍ പൂര്‍ണമായും നീക്കം ചെയ്യാത്തതാണ് കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചത്. 583 അക്കൗണ്ടുകള്‍ മാത്രമാണ് ട്വിറ്റര്‍ നീക്കിയത്.അഭിപ്രായസ്വാതന്ത്ര്യത്തെ ബാധിക്കുന്നതിനാല്‍ മാദ്ധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും മാദ്ധ്യമ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകള്‍ നീക്കാനാകില്ലെന്നാണ് ട്വിറ്റര്‍ നിലപാടെടുത്തത്. എന്നാൽ ഖാലിസ്ഥാന്‍ വാദത്തെയും പാകിസ്ഥാനെയും പിന്തുണയ്ക്കുന്നതാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട അക്കൗണ്ടുകള്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.