കാപ്പന്‍ എന്‍സിപി വിട്ടത് യുഡിഎഫിന്റെ രാഷ്ട്രീയ വിജയം: ചെന്നിത്തല
കോട്ടയം : യുഡിഎഫിന്റെ രാഷ്ട്രീയ വിജയമാണ് എന്‍സിപി വിട്ട് മാണി സി.കാപ്പന്‍ യുഡിഎഫിലേക്ക് വരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വിട്ടപ്പോള്‍ റോഷിയും ജയരാജും രാജിവച്ചില്ലെന്നും അതിനാല്‍ മാണി സി കാപ്പന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാത്തതില്‍ എല്‍ഡിഎഫിന് ധാര്‍മ്മികത പറയാന്‍ അവകാശമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കാപ്പന്‍ പാലായില്‍ തന്നെ മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആലോചിച്ചിട്ടില്ല എന്ന് മാണി സി കാപ്പന്‍ പറഞ്ഞു. തന്റെ ഒപ്പമുള്ളവര്‍ സര്‍ക്കാരില്‍ നിന്ന് കിട്ടിയ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും പാര്‍ട്ടി സ്ഥാനങ്ങളും രാജിവയ്ക്കുമെന്നും കാപ്പന്‍ അറിയിച്ചു. പുതിയ പാര്‍ട്ടി രൂപീകരിച്ച് ഘടക കക്ഷിയായി യുഡിഎഫില്‍ നിക്കുമെന്നാണ് കാപ്പന്‍ വ്യക്തമാക്കുന്നത്. നാളെ യോഗം ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും പേരും നാളെ അറിയിക്കും.
തനിക്കൊപ്പം ഏഴ് സംസ്ഥാന ഭാരവാഹികളും, ഏഴ് ജില്ല പ്രസിഡന്റുമാരും ഉണ്ടെന്ന് കാപ്പൻ അറിയിച്ചു. നിലവില്‍ 17 സംസ്ഥാന ഭാരവാഹികള്‍ ആണ് ഉള്ളത്. ഇതില്‍ നിന്നാണ് ഏഴ് സംസ്ഥാന ഭാരവാഹികള്‍ കാപ്പനൊപ്പം ചേരുന്നത്. തന്‍റെ ശക്തി ഐശ്വര്യ കേരളയാത്രയില്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാപ്പന്‍ വിഭാഗത്തിന്റെ റാലി ഇന്ന് 9:30ന് ആര്‍വി പാര്‍ക്കില്‍ നിന്ന് ആരംഭിക്കും.