പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി
കൊച്ചി : 6100 കോടി രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. നിശ്ചയിച്ച സമയത്തിലും അരമണിക്കൂർ വൈകി 3.15 ഓടെയാണ് അദ്ദേഹം കൊച്ചിയിൽ വിമാനമിറങ്ങിയത്. സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി സുധാകരൻ, വൈസ് അഡ്മിറൽ എ.കെ. ചൗള, മേയർ എം.അനിൽകുമാർ, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരുൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിച്ചു. ശോഭാ സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള എൻ.ഡി.എ.നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
നാവിക സേനാ വിമാനത്താവളത്തിൽ നിന്നും പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ രാജഗിരി കോളേജ് ഹെലിപാഡിൽ ഇറങ്ങി. രാജഗിരി ഹെലിപ്പാഡിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ ഗവർണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി വി.മുരളീധരനും ചേർന്ന് സ്വീകരിച്ചു.
കാറിൽ അമ്പലമേട് വി.എച്ച്.എസ്.ഇ. സ്കൂൾ ഗ്രൗണ്ടിൽ എത്തുന്ന അദ്ദേഹം ബി.പി.സി.എല്ലിന്റെ പ്രൊപിലിൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്ട് (പി.ഡി.പി.പി.) രാജ്യത്തിന് സമർപ്പിക്കും. അതിനൊപ്പം കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെർമിനലായ ‘സാഗരിക’യുടെ ഉദ്ഘാടനവും നിർവഹിക്കും.
തുറമുഖത്തെ ദക്ഷിണ കൽക്കരി ബർത്തിന്റെ പുനർനിർമാണ ശിലാസ്ഥാപനവും കൊച്ചി കപ്പൽശാലയിലെ മറൈൻ എൻജിനിയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും വെല്ലിങ്ടൺ ഐലൻഡിലെ റോ-റോ വെസലുകളുടെ സമർപ്പണവും പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിനുശേഷം അദ്ദേഹം ബി.ജെ.പി.കോർ കമ്മിറ്റിയോഗത്തിൽ പങ്കെടുക്കും. തുടർന്ന് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.