Politics
ഉദ്യോഗാർത്ഥികളോട് എന്നും നീതി കാട്ടിയത് യു.ഡി.എഫ് സർക്കാർ: ഉമ്മൻചാണ്ടി
തിരുവനന്തപുരം : ഉദ്യോഗാർത്ഥികളുടെ സമര വേദിയിലെത്തിയതിന് വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ എന്നും വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും ഉദ്യോഗാർത്ഥികളോട് എന്നും നീതി കാട്ടിയത് യു.ഡി.എഫ് സർക്കാർ ആണന്നും അദ്ദേഹം പറഞ്ഞു. പകരം റാങ്ക് ലിസ്റ്റുവരാതെ ഒറ്റ ലിസ്റ്റും യു.ഡി.എഫ് സർക്കാർ റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഇന്നലെ വാർത്താസമ്മേളനത്തിലാണ് ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയന് വിമർശിച്ചത്. കഴിഞ്ഞ ദിവസം സമരപ്പന്തലിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ കാല്ക്കല് വീണ് കരഞ്ഞുകൊണ്ട് ഉദ്യോഗാർത്ഥികള്‍ അപേക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.നിങ്ങള്‍ക്കൊപ്പമുണ്ടെന്നും സമരത്തിന്റെ മുന്‍നിരയില്‍ തന്നെയുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി ഉദ്യോഗാർത്ഥികള്‍ക്ക് ഉറപ്പ് നല്കി. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.