Top Stories
നേമത്ത് കെ മുരളീധരൻ?
ന്യൂഡൽഹി : അനിശ്ചിതത്വത്തിനൊടുവിൽ, നേമത്ത് കെ. മുരളീധരൻ എംപി കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു സൂചന. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്തതായാണു വിവരം. മുരളീധരനെ ഡൽഹിയിലേക്കു വിളിപ്പിച്ചു. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽത്തന്നെ മൽസരത്തിനിറങ്ങും. തൃപ്പൂണിത്തുറയിൽ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയിൽ പി.സി. വിഷ്ണുനാഥും മൽസരിക്കുമെന്നും വിവരമുണ്ട്. ഇന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പട്ടാമ്പി, നിലമ്പൂര് സീറ്റുകളിൽ ശനിയാഴ്ച രാത്രി വൈകിയും തീരുമാനമായില്ല. ഈ സീറ്റുകളിൽ ഒഴികെയുള്ള മണ്ഡലങ്ങളിൽ പ്രഖ്യാപനം ഇന്ന് രാവിലെ ഉണ്ടാകും.
ബിജെപിയിൽ നിന്ന് നേമം പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ മണ്ഡലത്തിൽ ശക്തനായ സ്ഥാനാർഥിയെ തന്നെ രംഗത്തിറക്കുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് മണ്ഡലം അടുത്തിടെ മികച്ച പോരാട്ടത്തിലൂടെ കൈക്കലാക്കിയ കെ.മുരളീധരനെ രംഗത്തിറക്കുന്നതിലൂടെ ബിജെപിക്കെതിരെ നേമത്തും ശക്തമായ പോരാട്ടത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
തൃപ്പൂണിത്തുറയിൽ മത്സരിക്കാൻ ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിർദ്ദേശം ലഭിച്ചതായി കെ.ബാബു സ്ഥിരീകരിച്ചു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്നും കെ.ബാബു അറിയിച്ചു. ബാബുവിനെ തന്നെ ഇവിടെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന വികാരം പ്രാദേശിക നേതാക്കൾ ശനിയാഴ്ച സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു.
കൊല്ലത്ത് മൽസരിക്കാൻ അനുമതി ലഭിച്ചതായി ബിന്ദു കൃഷ്ണയും അറിയിച്ചു ഞായറാഴ്ച മുതൽ പ്രചാരണം തുടങ്ങുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. മൂന്നു മുന്നണികൾക്കും സ്വാധീനമുള്ള വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ.പി.അനിൽകുമാറാകും കോൺഗ്രസ് സ്ഥാനാർഥിയെന്നും സൂചനയുണ്ട്.