News
പി.ബാലചന്ദ്രൻ അന്തരിച്ചു
വൈക്കം : നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രൻ അന്തരിച്ചു. പുലർച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. സംസ്കാരം വൈകീട്ട് മൂന്നുമണിക്ക് വൈക്കത്ത് നടക്കും. കഴിഞ്ഞ കുറച്ചുനാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ബാലചന്ദ്രൻ. മമ്മൂട്ടിയുടെ വണ്‍ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.
കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനിച്ച ബാലചന്ദ്രൻ മലയാള സിനിമയ്ക്കും നാടകമേഖലയ്ക്കും അതുല്യ സംഭാവന നൽകിയ വ്യക്തിത്വമായിരുന്നു . മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാൻ, മായാസീതങ്കം, നാടകോത്സവം എന്ന് തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു. ഏകാകി, ലഗോ, തീയറ്റർ തെറാപ്പി, ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തു.
2012-ൽ കവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവൻ മേഘരൂപൻ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ഉള്ളടക്കം, അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്നിദേവൻ, മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി. ഇതിൽ അഗ്നിദേവൻ വേണുനാഗവള്ളിയുമൊത്തായിരുന്നു രചിച്ചത്. വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം , ശിവം, ജലമർമ്മരം, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, കടൽ കടന്നൊരു മാത്തുക്കുട്ടി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്,1989-ൽ പ്രതിരൂപങ്ങൾ എന്ന നാടകരനയ്ക്ക് കേരള സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ്, പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡ്, മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.