Top Stories

സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ ആരും പുറത്തിറങ്ങരുത്. ഇന്നും നാളെയുമായി അത്യാവശ്യമല്ലാത്ത ഒരു യാത്രയും അനുവദിക്കുന്നതല്ല.

മാര്‍ക്കറ്റുകള്‍, മാളുകള്‍, വ്യാപാര സമുച്ചയങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കരുത്. അവശ്യ വസ്തുക്കള്‍ മുടങ്ങാതിരിക്കാന്‍ പ്രാദേശിക കടകള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ തുറക്കാം.

പാല്‍, പത്രം എന്നിവയുടെ വിതരണം അനുവദിച്ചിട്ടുണ്ട്. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാവുന്നതാണ്. ഇതിനായി സത്യപ്രസ്താവന കയ്യില്‍ കരുതണം.

ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. വീടുകളില്‍ മത്സ്യം എത്തിച്ച്‌ വില്‍പ്പന നടത്തുന്നതിന് തടസമില്ല. എന്നാല്‍, വില്‍പ്പനക്കാര്‍ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. ഹാളുകള്‍ക്കുളളില്‍ പരമാവധി 75 പേര്‍ക്കും തുറസായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം. മരണാനന്തരചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. ട്രെയിന്‍, വിമാന സര്‍വീസുകള്‍ പതിവുപോലെ ഉണ്ടായിരിക്കും. പൊലീസ് പരിശോധനാ സമയത്ത് യാത്രക്കാര്‍ക്ക് ടിക്കറ്റ് അഥവാ ബോര്‍ഡിങ് പാസും തിരിച്ചറിയല്‍ കാര്‍ഡും കാണിക്കാവുന്നതാണ്.

വിവാഹം, മരണം മുതലായ ചടങ്ങുകള്‍, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍, ഇവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയ്യില്‍ കരുതണം. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.

ഹയര്‍സെക്കന്ററി പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. അതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. പരീക്ഷാകേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കുന്ന രക്ഷകര്‍ത്താക്കള്‍ അവിടെ കൂട്ടംകൂടി നില്‍ക്കാതെ ഉടന്‍ മടങ്ങണം. പരീക്ഷ തീരുന്ന സമയത്ത് കുട്ടികളെ വിളിക്കാന്‍ തിരിച്ചെത്തിയാല്‍ മതി. പരീക്ഷാകേന്ദ്രത്തിന് മുന്നില്‍ കുട്ടികളും രക്ഷകര്‍ത്താക്കളും തിരക്കുണ്ടാക്കാതെ സാമൂഹിക അകലം പാലിക്കേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button