Top Stories
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.വി. പ്രകാശ് അന്തരിച്ചു
മലപ്പുറം : മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി.വി. പ്രകാശ്(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് അന്ത്യം.
ഇന്ന് പുലർച്ചെയാണ് അന്ത്യം. രാത്രി ഹൃദയാഘാതത്തെ തുടർന്ന് എടക്കരയിലെ വീട്ടിൽനിന്ന് എടക്കരയിൽ തന്നെയുള്ള ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കർഷകനായിരുന്ന കുന്നുമ്മൽ കൃഷ്ണൻ നായർ സരോജിനി അമ്മ ദമ്പതികളുടെ മകനായി എടക്കരയിലാണ് വി. വി പ്രകാശിന്റെ ജനനം. കെ എസ്.യു പ്രവർത്തകനായ വി. വി പ്രകാശ് ഏറനാട് താലൂക്ക് ജനറൽ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് കെഎസ് യു , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ സ്മിത, മക്കള്‍, നന്ദന (പ്ലസ്ടു), നിള (നാലാം ക്ലാസ്).