രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ നാലുലക്ഷം കടന്നു
ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികള്‍ നാലുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ആഗോളതലത്തില്‍ തന്നെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ 3,523 പേര് കൂടി മരിച്ചു.
ഒരാഴ്ചയ്ക്കിടെ 25 ലക്ഷത്തിലേറെ പുതിയ രോഗികളും 22000ത്തിലേറെ മരണവുമാണ് രാജ്യത്തുണ്ടായത്. ആകെ കേസുകള്‍ 1.91 കോടി കടന്നു. 2.11 ലക്ഷം പേര്‍ക്ക് ജീവന് നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,99,988 പേര് രോഗമുക്തരായി. ദേശീയതലത്തിലെ രോഗമുക്തി നിരക്ക് 81.84 ശതമാനമാണ്. ചികിത്സയിലുള്ളവരുടെ എണ്ണം 32 ലക്ഷം കടന്നു. ഇത് ആകെ രോഗബാധിതരുടെ 17.06 ശതമാനമാണ്.
മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, രാജസ്ഥാന്, ബിഹാര്‍ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗബാധിതരുടെ 73.71 ശതമാനവും. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, കേരളം, രാജസ്ഥാന്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നീ 11 സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ 78.22 ശതമാനവും.