സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ഡൗൺ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ഡൗൺ. അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാൻ പോലീസ് പാസ് വേണം. യാത്ര ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ സത്യവാങ്മൂലം കൈയിൽ കരുതണം. ചരക്കുഗതാഗതത്തിന് തടസ്സമില്ല.
വിവാഹം, മരണാനന്തരച്ചടങ്ങുകൾ, രോഗിയായ ബന്ധുവിനെ സന്ദർശിക്കൽ, രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നിവയ്ക്കുമാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂ. മരണാനന്തരച്ചടങ്ങുകൾ, വിവാഹം എന്നിവയ്ക്ക് കാർമികത്വംവഹിക്കേണ്ട പുരോഹിതന്മാർക്ക് നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയൽ കാർഡ്, ക്ഷണക്കത്ത് എന്നിവ കൈവശമുണ്ടാകണം.
മറ്റുസംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ കോവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർചെയ്യണം. 14 ദിവസം ക്വാറന്റീനിൽ കഴിയണം.
ഹോട്ടലുകൾക്ക് രാവിലെ എഴുമുതൽ രാത്രി 7.30 വരെ പാഴ്സൽ നൽകാം. തട്ടുകടകൾക്ക് അനുമതിയില്ല. ഹാർബർ ലേലം നിർത്തി. ചിട്ടിതവണ പിരിവിന് വിലക്ക്
ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് ജീവൻരക്ഷാമരുന്നകൾ എത്തിക്കാൻ ഹൈവേ പോലീസിന്റെയും ഫയർഫോഴ്സിന്റെയും സംയുക്ത സംവിധാനം.
ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ ഉത്പന്നങ്ങൾ എന്നിവയുടെ പാക്കിങ് യൂണിറ്റുകൾക്ക് പ്രവർത്തിക്കാം.വാഹന വർക്ക്ഷോപ്പുകൾ ആഴ്ച അവസാനം രണ്ടുദിവസം തുറക്കാം.
ബാങ്കുകളുടെയും ഇൻഷുറൻസ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായി ചുരുക്കി. ഇടപാടുകൾ 10 മുതൽ ഒന്നുവരെ മാത്രമാണ്. രണ്ടിന് അടയ്ക്കണം.