രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ.
കോവിഡ് പശ്ചാത്തലത്തിൽ, പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും സത്യപ്രതിജ്ഞ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആയിരംപേർക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നത്. പ്രതിപക്ഷത്തെ ജനപ്രതിനിധികൾ ഉൾപ്പെടെ 500 പേർക്കാണ് ക്ഷണക്കത്ത് നൽകിയത്. എന്നാൽ പ്രതിപക്ഷം പങ്കെടുക്കില്ല.
സത്യപ്രതിജ്ഞയ്ക്കു മുൻപ് മുഖ്യമന്ത്രിയും നിയുക്തമന്ത്രിമാരും വയലാർ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വ്യാഴാഴ്ച രാവിലെ ഒൻപതിനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിലെയും സി.പി.ഐ.യിലെയും നിയുക്തമന്ത്രിമാരും ഇവിടെയെത്തിയത്.
മുദ്രാവാക്യങ്ങൾക്കിടയിൽ രക്തസാക്ഷിമണ്ഡപത്തിൽ പിണറായി വിജയൻ പുഷ്പചക്രം സമർപ്പിച്ച് പുഷ്പാർച്ചനയ്ക്ക് തുടക്കം കുറിച്ചു. തുടർന്ന് നിയുക്തമന്ത്രിമാരും പുഷ്പാർച്ചന നടത്തി. നിയുക്തസ്പീക്കറും എൽഡിഎഫ് കൺവീനറും മറ്റ് പ്രമുഖ നേതാക്കളും ആദരമർപ്പിച്ചു.