Top Stories

കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുഭവങ്ങളെ വിലയിരുത്തി മികച്ച പ്രതിരോധത്തിനായി നടപടി ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്സീന്‍ അതിജീവിക്കാന്‍ കഴിയുന്ന വൈറസാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക. വാക്സീന്‍ എടുത്തവര്‍ക്ക് അത് ഒരു ഡോസാണെങ്കിലും സുരക്ഷിതത്വമുണ്ട്. എന്നാല്‍ ഇത്തരമാളുകളും രോഗവാഹകരാകാം എന്നത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കൊവിഡ് രണ്ടാം തരംഗത്തില്‍ ഇതുവരെ അതിന്റെ ഉച്ഛസ്ഥായി പിന്നിട്ടതായാണ് അനുമാനം. എന്നാല്‍ അതിന് ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും സംഭവിക്കുന്നത്. അത് വര്‍ധിക്കുന്നതായി കാണുന്നുണ്ട്. ആശുപത്രികളെ സംബന്ധിച്ച്‌ സമയം നിര്‍ണായകമാണ്. പ്രാഥമികമായ കടമ ജീവന്‍ സംരക്ഷിക്കലാണ്. ഈ ഘട്ടത്തെ നേരിടാന്‍ വേണ്ട എല്ലാ കരുതലും മുഴുവന്‍ ജില്ലാ ആശുപത്രികളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനത്തിന്റെ ഭാഗത്ത് നിന്നുള്ള പിന്തുണയാണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വലിയ നാശം വിതച്ച രണ്ടാം തരംഗത്തെ കേരളത്തില്‍ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചത്. സര്‍ക്കാരിനൊപ്പം നിന്ന ജനത്തെ ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നു. ഈ ജാഗ്രത കുറച്ചുനാളുകള്‍ കൂടെ ഇതേപോലെ കര്‍ശനമായ രീതിയില്‍ തുടരണം. അതിന് എല്ലാവരുടെയും സഹകരണം വേണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button