നിയമസഭാ സമ്മേളനം തുടങ്ങി; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നു
തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി. എംഎൽഎ മാരുടെ സത്യപ്രതിജ്ഞയാണ് ഇപ്പോൾ നടക്കുന്നത്. 53 പുതുമുഖ എംഎൽഎമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ഒമ്പത് മണിമുതൽ പ്രോടെം സ്പീക്കർ പി.ടി.എ. റഹീമിനു മുമ്പാകെയാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. അക്ഷരമാലാക്രമത്തിലാണ് അംഗങ്ങളെ വിളിക്കുന്നതും സത്യപ്രതിജ്ഞ ചെയ്യുന്നതും.
ചൊവ്വാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക തിങ്കളാഴ്ച ഉച്ചവരെ നൽകാം. ഭരണമുന്നണി സ്ഥാനാർഥി എം.ബി. രാജേഷാണ്. പ്രതിപക്ഷ സ്ഥാനാർഥി പി സി വിഷ്ണുനാഥ് ആണ്. ജൂൺ 14 വരെ 14 ദിവസമാണ് ഇപ്പോൾ സഭ ചേരാൻ തീരുമാനിച്ചിട്ടുള്ളത്. സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
26-നും 27-നും സഭ ചേരില്ല. 28-ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാന നയപ്രഖ്യാപനം. പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജൂൺ നാലിന് അവതരിപ്പിക്കും.