Top Stories

ട്രിപ്പിൾ ലോക്ക്ഡൗണിലും രോഗവ്യാപനം കുറയാതെ മലപ്പുറം; നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും: മുഖ്യമന്ത്രി

മലപ്പുറം : ഒമ്പത് ദിവസം പിന്നിട്ട ട്രിപ്പിൾ ലോക്ക്ഡൗണിലും രോഗവ്യാപനം കുറയാത്ത മലപ്പുറം ജില്ലയിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. സർക്കാർ നടത്തുന്ന തീവ്ര ശ്രമങ്ങൾക്കനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ല. മലപ്പുറത്ത് ഇപ്പോൾ കൂടുതൽ പേർക്കും രോഗം പകരുന്നത് വീടുകളിൽ നിന്ന് തന്നെയാണ്. കൂട്ടുകുടുംബങ്ങൾ കൂടുതലുള്ളത് ഇതിൻറെ വ്യാപ്തി വർധിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കരുതൽ വാസകേന്ദ്രങ്ങൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ താലൂക്കിലും എല്ലാ സൗകര്യങ്ങളുമുള്ള കോവിഡ് ആശുപത്രികൾ സജ്ജീകരിക്കും. ഇതിന് പുറമെ 400 ബെഡുകളുള്ള സിഎഫ്എൽടിസികളും ഒരുക്കുന്നുണ്ട്. പ്രാദേശികമായി സ്റ്റെബിലൈസേഷൻ സെൻററുകൾ ഒരുക്കും. ഇവിടെ ഓക്സിജൻ പാർലറുകളും അടിയന്തരമായി നൽകേണ്ട ചികിൽസകൾക്കുള്ള സൗകര്യങ്ങളുമുണ്ടാവും. 15 മെഡിക്കൽ ബ്ലോക്കുകളിലും പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ടന്നും മുഖ്യമന്ത്രി അറിയിച്ചു.

ജില്ലയിൽ പൊലീസ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. ഇതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം വ്യാപകമായ പരിശോധന നടത്തിവരികയാണ്. തക്കതായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആളുകൾ വീടിന് പുറത്തിറങ്ങാവു. ഇക്കാര്യത്തിൽ സർക്കാരിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ക്വാറൻറൈനിലുളളവർ പുറത്തിറങ്ങിയാൽ കണ്ടെത്തി കേസെടുക്കുന്നതോടൊപ്പം അവരെ സിഎഫ്എൽടിസികളിലേക്ക് മാറ്റും. ട്രിപ്പിൾ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവരെ ആൻറിജൻ പരിശോധന നടത്തി പോസിറ്റീവായവരെ സിഎഫ്എൽടിസികളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്പർക്കമുള്ളവരും പരിശോധനയ്ക്ക് സ്വയം സന്നദ്ധരായി സ്വയം മുന്നോട്ടുവന്നാലേ രോഗവ്യാപനം തടയാൻ സാധിക്കൂ. മലപ്പുറം ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാവരും കൂടുതൽ ജാഗ്രതയും സൂക്ഷ്മതയും പുലർത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button