സംസ്ഥാനത്ത് വീണ്ടുമൊരു ഓണ്‍ലൈന്‍ അധ്യയന വര്‍ഷത്തിന് തുടക്കംകുറിച്ചു
കൊച്ചി : സംസ്ഥാനത്ത് വീണ്ടുമൊരു ഓണ്‍ലൈന്‍ അധ്യയന വര്‍ഷത്തിന് തുടക്കംകുറിച്ചു. പ്രവേശനോത്സവം ഇക്കുറി വീണ്ടും വെര്‍ച്ച്വല്‍ ആയി നടന്നു. കുട്ടികള്‍ സ്കൂളില്‍ എത്തുന്ന കാലം വിദൂരമാവില്ലെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ട് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു.
കുരുന്നുകളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഡിജിറ്റല്‍ മാധ്യമത്തിലൂടെ കൂട്ടുകള്‍ക്ക് വിദ്യാഭ്യാസം നല്കി. ഇക്കുറിയും ഉത്തരവാദിത്യ ബോധത്തോടെ ക്ലാസുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണ അധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ ഓണ്‍ലൈന്‍ ക്ലാസ് സൌകര്യമൊരുക്കുമെന്നും ഘട്ടം ഘട്ടമായി ഇത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാസങ്ങളായി വീട്ടില്‍ തന്നെ കഴിയുന്ന കുട്ടികള്‍ക്ക് മാനസികോല്ലാസത്തിന് ടെലിവിഷനിലൂടെ തന്നെ ക്ലാസുകള്‍ നല്‍കുമെന്നും ഇക്കുറി സംഗീതം, കായികം, ചിത്രകല എന്നിവയ്ക്കുള്ള ക്ലാസുകള്‍ കൂടി ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ മേഖലകളും അടഞ്ഞുകിടന്നപ്പോഴും കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാന്‍ കേരളം ലോകത്തിന് മുന്നില്‍ വച്ച മാതൃകയാണ് ഡിജിറ്റല്‍ ക്ലാസ് രീതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. “ഓണ്‍ലൈന്‍ ഡിജിറ്റര്‍ ക്ലാസുകള്‍ പൊതുവിദ്യാഭ്യാസ രംഗത്തെ എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കാന്‍ സാധിക്കുമെന്ന് നമ്മള് തെളിയിച്ചു.
ഡിജിറ്റല്‍ ഡിവൈഡ് എന്ന പ്രശ്നത്തെ ബഹുജന പിന്തുണയോടെ നമ്മുടെ സംസ്ഥാനം അതിജീവിച്ചുവെന്നും പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
പതിനഞ്ച് മാസമായി കുഞ്ഞുങ്ങള്‍ വീട്ടില്‍ തന്നെ കഴിയുകയാണെന്നും അവര്‍ക്ക് അതിന്റേതായ വിഷമതകളും മാനസിക പ്രയാസവുമുണ്ടാകുമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ലോകം മുഴുവന്‍ ഇങ്ങനെയായി എന്ന് അവര്‍ക്ക് പറഞ്ഞുകൊടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.