രാജ്യത്ത് 63 ദിവസത്തിനിടെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് രോഗികൾ
ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 63 ദിവസത്തിനിടെ ഇതാദ്യമായാണ് ഇത്രയും കുറവ് പ്രതിദിന കണക്ക് രേഖപ്പെടുത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 2,89,96,473 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,82,282 പേര് രാജ്യത്ത് കോവിഡ് രോഗമുക്തി നേടി. ഇതോടെ ആകെ 2,73,41,462 പേര് രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് 13,03,702 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
രോഗബാധ കുറഞ്ഞ് വരുന്നുണ്ടെങ്കിലും മരണസംഖ്യ ആയിരത്തിന് മുകളില്‍ തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2123 കോവിഡ് മരണങ്ങളാണ് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി സ്ഥിരീകരിച്ചത്. ഇതുവരെ 3,51,309 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 36,82,07,596 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്.