News
കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസുകൾ ഇന്ന് മുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസുകൾ വീണ്ടും തുടങ്ങും. യാത്രക്കാരുടെ ലഭ്യതയ്ക്കനുസരിച്ചായിരിക്കും സർവീസുകൾ. ടിക്കറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യാം.
ദേശീയപാത, എം.സി. റോഡ്, മറ്റു പ്രധാന സംസ്ഥാന പാതകൾ എന്നിവിടങ്ങളിലൂടെയാണ് പ്രധാനമായും ദീർഘദൂര സർവീസുകൾ നടത്തുക. ഓർഡിനറി, ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സർവീസുകൾ തുടരും. കർശന നിയന്ത്രണമുള്ള ജൂൺ 12, 13 തീയതികളിൽ ആവശ്യ സർവീസുകൾക്കുള്ള ബസുകൾ മാത്രമേ ഉണ്ടാകൂ. പതിമ്മൂന്നിന് ഉച്ചയ്ക്കുശേഷം ദീർഘദൂര ബസുകൾ പുനരാരംഭിക്കും.
യാത്രക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ബസുകളിൽ ഇരുന്നുമാത്രമേ യാത്രയനുവദിക്കൂ.സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ ‘എന്റെ കെ.എസ്.ആർ.ടി.സി.’ മൊബൈൽ ആപ്പ്, www.keralartc.com വെബ്സൈറ്റ് എന്നിവയിൽ ലഭ്യമാകും.