Top Stories

ഉദ്യോഗസ്ഥ ലോബിയുടെ ബന്ദികളാണോ സർക്കാർ, മന്ത്രിമാർക്ക് താത്പര്യം വിദേശയാത്രകളിൽ മാത്രം, സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശവുമായി ഹൈക്കോടതി. കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് സർക്കാരിനെതിരെ കോടതി രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്. നാളികേര വികസന കോർപറേഷനിലെ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയുടെ രൂക്ഷ വിമർശനത്തിന്  കാരണം.

നാളികേര വികസന കോർപറേഷനുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പ് ജസ്റ്റിസ്  ദേവൻരാമചന്ദ്രൻ പുറപ്പെടുവിച്ചിരുന്ന ഉത്തരവ് ഒരു വർഷമായിട്ടും നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. ഈ വിഷയത്തിലെ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമർശനം വന്നത്.

‘ഉദ്യോഗസ്ഥ ലോബിയുടെ ബന്ദികളാണോ സർക്കാർ,  ഇങ്ങനെയാണെങ്കിൽ എന്തിനാണ് കോടതികൾ ഉത്തരവുകൾ ഇറക്കുന്നത്? വിധിന്യായങ്ങൾ എഴുതുന്നതിൽ അർഥമില്ല.’ മന്ത്രിമാർക്ക് താത്പര്യം വിദേശയാത്രകളിൽ മാത്രമാണെന്ന വിമർശനവും കോടതി നടത്തി. വാക്കാലായിരുന്നു കോടതിയുടെ പരാമർശങ്ങൾ.

ഐഎഎസ്സുകാർ എ.സി മുറികളിൽ ഇരുന്ന് ഉത്തരവുകൾ പുറപ്പെടുവിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ അവർ തിരിച്ചറിയുന്നില്ല. ഇതിലും ഭേദം പരാതിക്കാരനെ തൂക്കിക്കൊല്ലുകയായിരുന്നു. കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. ഉത്തരവുകൾ നടപ്പാക്കാൻ തയ്യാറാവുന്നില്ല. ഐഎഎസ്സുകാർ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. ഇതിൽ കൂടുതലൊന്നും ഈ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button