സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതൽ ഇളവുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതൽ ഇളവുകള്‍ പ്രഖ്യാപിച്ചു. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം ഓരോ പ്രദേശത്തെയും ആയിരം പേരില്‍ എത്രപേര്‍ രോഗികളുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാവും ഇനിമുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമായി നിജപ്പെടുത്തിയതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു.
ഓരോ പ്രദേശത്തും ആയിരത്തിനു പത്തു പേരില്‍ കൂടുതല്‍ രോഗികളുണ്ടെങ്കില്‍ അവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. അല്ലാത്ത പ്രദേശങ്ങളില്‍ ആറു ദിവസം എല്ലാ കടകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പതു വരെയായിരിക്കും പ്രവര്‍ത്തന സമയം. ഒരു ഡോസ് എങ്കിലും വാക്സിന് എടുത്തവര്‍ക്കോ ഒരു മാസത്തിനിടെ കോവിഡ് വന്നുമാറിയവര്‍ക്കോ ആയിരിക്കും കടകളില്‍ പ്രവേശനം.
സ്വാതന്ത്ര്യ ദിനത്തിലും അവിട്ടം ദിനത്തിലും ഞായറാഴ്ച ആണെങ്കിലും ലോക്ക്ഡൗണ്‍ ഉണ്ടാവില്ല. രാഷ്ട്രീയ, സാംസ്കാരിക പരിപാടികള്‍ക്കുള്ള വിലക്ക് തുടരും. ആരാധനാലയങ്ങളില്‍ വലിപ്പം അനുസരിച്ച് 40 പേര്‍ക്കു വരെ പ്രവേശിക്കാം. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 20 പേര്‍ക്കു മാത്രമാവും അനുമതി.