Top Stories

വിസ്മയയുടെ മരണം: കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം : വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു കിരൺ. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പിരിച്ചുവിടൽ. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിച്ചത്. വിസ്മയയുടെ മരണത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്നു കിരൺ കുമാർ.

ഭാര്യയുടെ മരണത്തെത്തുടർന്ന് ഭർത്താവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമാണ്. 1960-ലെ കേരള സിവിൾ സർവീസ് റൂൾ പ്രകാരമാണ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത്.  കിരണിനെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. കിരണിനോട് നേരിട്ടും മോട്ടോർ വാഹനവകുപ്പ് വിശദീകരണം തേടി.  സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് ചട്ടം.1960-ലെ സർവീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവർത്തനങ്ങൾ നടത്തി സർക്കാരിനും മോട്ടോർ വാഹനവകുപ്പിനും ദുഷ്പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാൽ സർവീസിൽ നിന്ന് പിരിച്ചുവിടാം. അതനുസരിച്ചാണ് കിരണിനെതിരെയും നടപടിയെടുത്തതെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു.

കിരണിന് ഇനി സർക്കാർ സർവീസിൽ തുടർജോലിയും ലഭിക്കില്ല.പ്രൊബേഷനിലായിരുന്നതിനാൽ പെൻഷനും അർഹതയുണ്ടാവില്ല. 45 ദിവസം മുമ്പാണ്  അന്വേഷണവിധേയമായി കിരണിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി പൂർത്തിയായി.

പൊലീസ് കേസും വകുപ്പ് തല അന്വേഷണവും രണ്ടും രണ്ടാണെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. പൊലീസ് അന്വേഷണപ്രകാരമല്ല വകുപ്പ് തല അന്വേഷണം നടക്കുക. പൊലീസ് അന്വേഷണം സമാന്തരമായി നടക്കും. സാക്ഷിമൊഴികൾ അടക്കമുള്ള കാര്യങ്ങൾ വിസ്മയയുടെ കേസിൽ ശേഖരിച്ചിരുന്നു.  അന്വേഷണ പ്രകാരം സംശയാതീതമായി കിരൺ കുറ്റം ചെയ്തെന്ന് വ്യക്തമായതിനെത്തുടർന്നാണ് പിരിച്ചുവിടൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button