News
കോടികൾ തട്ടിയ മോന്‍സന്റെ ബാങ്ക് അക്കൗണ്ട് കാലി
കൊച്ചി : തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയെന്ന് റിപ്പോർട്ട്. തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളതെന്നും, അക്കൗണ്ടില്‍ 176 രൂപ മാത്രമേ ഉള്ളൂ എന്നും മോന്സന് ക്രൈംബ്രാഞ്ചിന് മൊഴി നല്കി. മകളുടെ കല്യാണ ആവശ്യങ്ങള്‍ക്കായി സുഹൃത്തായ ജോര്‍ജില്‍ നിന്നും മൂന്നുലക്ഷം രൂപ കടംവാങ്ങിയെന്നും ജീവനക്കാര്‍ക്ക് ആറുമാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും മോന്സന് മൊഴി നല്കി.
അതേസമയം മോന്‍സന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ട് രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഭാര്യയുടേയും മക്കളുടേയും ബാങ്ക് രേഖകളാണ് പിടിച്ചെടുത്തത്. മോൻസന്റെ സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും കൂടി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
മോന്സന് നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. വാങ്ങിയതിലേറെയും പണമായിട്ടാണ്. സഹായികളുടെ അക്കൗണ്ടുകൾ വഴിയാണ് പണം വാങ്ങിയത്. മോന്‍സന്റെ ശബ്ദംസാംപിളുകള്‍ പരിശോധിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളിലുള്ളത് മോന്‍സന്റെ ശബ്ദം തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാണിത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലാകും ശബ്ദം പരിശോധിക്കുക.
അതേസമയം, മോന്‍സനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്ത് ഇന്ന് കൊച്ചിയിലെത്തും. മോന്‍സന്റെ മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയ്ക്കുശേഷം മോന്‍സനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചന.