സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു. സിനിമ തിയേറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനമായി. വിവാഹത്തിന് 50 പേര്‍ക്ക് പങ്കെടുക്കാം. ഗ്രാമസഭകള്‍ ചേരാനും അനുമതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ഒക്ടോബര്‍ 25 മുതല്‍ നിബന്ധനകളോടെ സിനിമാ തിയേറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും തുറക്കും. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കാവും പ്രവേശനം. 50 ശതമാനം സീറ്റിൽ മാത്രമാകും പ്രവേശനം അനുവദിക്കുക. തിയേറ്ററില്‍ എസി പ്രവര്‍ത്തിപ്പിക്കും.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ഒക്ടോബര്‍ 18 മുതല്‍ കോളേജുകളിലെ എല്ലാ വര്‍ഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. രണ്ട് ഡോസ് വാക്സിനേഷന് നിബന്ധന മതി.
പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളും ബയോ ബബിള്‍ മാതൃകയില്‍ മറ്റു സ്കൂളുകള്‍ തുറക്കുന്ന നവംബര്‍ ഒന്നുമുതല്‍ തുറക്കും. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ജീവനക്കാരെ ഉള്‍പ്പെടുത്തി മറ്റ് സ്കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവദിച്ചത് പ്രകാരമാവും ഇത്. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 50 പേരെ വരെ പങ്കെടുക്കാന്‍ അനുവദിക്കും. 50 പേരെ വരെ ഉള്‍പ്പെടുത്തി ശാരീരിക അകലം പാലിച്ച് നവംബര്‍ 1 മുതല്‍ ഗ്രാമസഭകള്‍ ചേരാനും അനുവദിക്കും.