മുല്ലപ്പെരിയാർ ഡാം വെള്ളിയാഴ്ച തുറക്കും
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138 അടി കടന്നു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. ഇതേത്തുടര്‍ന്ന് ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ഡാം തുറക്കും. അണക്കെട്ട് തുറക്കുന്ന സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് സര്‍ക്കര്‍ വ്യക്തമാക്കിയിട്ടുണ്ട് .
സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ ഇന്ന് രാവിലെ ആരംഭിച്ചു. നേരത്തെ തന്നെ ജില്ലാ ഭരണകൂടം മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരുന്നു. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ഡാമിലെ നിലവിലെ അപ്പർ റൂൾ കർവ് എന്നത് 137.75 അടിയാണ്. അത് ഇന്നലെ വൈകിട്ടോടെ പിന്നിട്ടു. ഒക്ടോബർ 30 വരെ സംഭരിക്കാവുന്ന പരമാവധി ജലത്തിന്റെ അളവാണ് 137.75 അടി.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നുണ്ട്. സെക്കന്റിൽ 9300 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. അണക്കെട്ട് തുറന്നാൽ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്. തുടർന്ന് വണ്ടിപ്പെരിയാർ, മാമല അയ്യപ്പൻകോവിൽ വഴി ഇടുക്കി അണക്കെട്ടിലേക്കാണ് എത്തുക.