ആര്യന് ഖാന്റെ ജയില്‍മോചനം ഇന്ന് നടന്നില്ല
മുംബൈ : ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ച ആര്യന് ഖാന്റെ ജയില്‍മോചനം ഇന്ന് നടന്നില്ല. അഞ്ചരയ്ക്ക് മുൻപ് ജാമ്യത്തിന്റെ പകര്‍പ്പ് ആര്‍തര്‍ റോഡ് ജയിലില്‍ എത്തിക്കാന്‍ അഭിഭാഷകര്‍ക്ക് കഴിയാഞ്ഞതിനാലാണ് ആര്യൻ ഇന്ന് കൂടി ജയിലിൽ കഴിയേണ്ടി വന്നത്. ശനിയാഴ്ച രാവിലെ ആര്യന് ജയില്‍ വിടുമെന്നാണ് വിവരം.
23 കാരനായ ആര്യന് ഖാന് 23 ദിവസം ആര്‍തര്‍ റോഡ് ജയിലില്‍ ആയിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് ആഡംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡില്‍ കസ്റ്റഡിയിലായത്. 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന് അടക്കമുള്ള മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടു പോകരുത് , പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകള്‍ പ്രകാരമാണ് ജാമ്യം അനുവദിച്ചത്.
കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. ഇതോടൊപ്പം ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നിങ്ങനെയും ജാമ്യവ്യവസ്ഥകള്‍ ഉണ്ട്. ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍സിബിക്ക് കോടതിയെ സമീപിക്കാം. അര്യനു വേണ്ടി നടി ജൂഹി ചൗള ആള്‍ജാമ്യം നിന്നു .