നരേന്ദ്രമോദി ഇന്ന് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും
റോം : ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയ പ്രാധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച. അപ്പോസ്തലിക് പാലസിൽ വെച്ചാണ് മോദി പോപ്പിനെ കാണുക.
കോവിഡ് 19 അടക്കം ആഗോള വിഷയങ്ങൾ മാർ പാപ്പയുമായി പ്രധാനമന്ത്രി ചർച്ച ചെയ്യും. അര മണിക്കൂറാണ് കൂടിക്കാഴ്ച. ഇന്ത്യ സന്ദർശിക്കാൻ പോപ്പിനെ പ്രധാനമന്ത്രി ക്ഷണിച്ചേക്കുമെന്നാണ് കരുതുന്നത്. വത്തിക്കാന്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി ജി-20 ഉച്ചകോടിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കും. ‘ആഗോള സാമ്പത്തികം, ആഗോള ആരോഗ്യം’ എന്ന വിഷയത്തിലാണ് യോഗം. തുടർന്ന്, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ, ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിങ്കപ്പൂർ പ്രധാനമന്ത്രി ലീ ഹൊസൈ എന്നിവരുമായി ചർച്ച നടത്തും.
മൂന്നുദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി റോമിലെ ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളത്തിലിറങ്ങിയത്. ഇറ്റാലിയൻ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇറ്റലിയിലെ ഇന്ത്യൻ സ്ഥാനപതിയും ചേർന്ന് സ്വീകരിച്ചു. ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി പിയാസ ഗാന്ധിയിലുള്ള മഹാത്മാ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
ജി-20 ഉച്ചകോടിക്കുശേഷം ഞായറാഴ്ച റോമിൽനിന്ന് പ്രധാനമന്ത്രി നേരെ സ്കോട്ലൻഡിലെ ഗ്ലാസ്ഗോവിലേക്ക് പോവും. അവിടെ 26-ാം കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കും.