കനത്ത മഴ; മുല്ലപ്പെരിയാര്‍ വീണ്ടും തുറക്കും
ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നിരൊഴുക്കില്‍ വര്‍ധന. ജലനിരപ്പ് 140 അടിയിലെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
ഇന്നലെ വൈകുന്നേരം മുതൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴയായിരുന്നു. രാത്രി മുതലുള്ള കണക്ക് പ്രകാരം നാലായിരം ഘനയടിയിലധികം ജലമാണ് ഓരോ മണിക്കൂറിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 140 അടി കവിഞ്ഞതോട് കൂടിയാണ് തമിഴ്നാട് കേരളത്തിന് ഒരു മുന്നറിയിപ്പ് നൽകിയത്. വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയുടെ കാര്യം പരിഗണിച്ചായിരിക്കും അണക്കെട്ട് തുറക്കുന്നത് പരിഗണിക്കുക.
നവംബർ 20 വരെയുള്ള കണക്കുകൾ പ്രകാരം അപ്പർ റൂൾ പ്രകാരം പരമാവധി 141 അടി ജലം സംഭരിക്കാൻ സാധിക്കും. എന്നാൽ ശക്തമായ മഴ തുടരുകയാണെങ്കിൽ പെട്ടെന്ന് തന്നെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം. അതേസമയം ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയർന്ന് 2398.76 അടിയായി.