ഇടുക്കി അണക്കെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും
ഇടുക്കി : ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. ഡാമിന്റെ ഒരു ഷട്ടർ 40 സെന്റിമീറ്ററാണ് തുറക്കുന്നത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് ഇതിലൂടെ ഒഴുക്കിവിടുക. നിലവിൽ 2398.8 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ഓറഞ്ച് അലർട്ടാണ് ഇടുക്കി ഡാമിൽ നിലനിൽക്കുന്നത്. 2399.03 അടി ആയാൽ മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുക.
ശനിയാഴ്ച വൈകീട്ടോടെ അണക്കെട്ട് തുറക്കുമെന്ന് അറിയിപ്പ് വന്നെങ്കിലും പിന്നാലെ അത് പിന്‍വലിച്ചിരുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ മാത്രമാണ് ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു.
അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നിരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. ജലനിരപ്പ് 140 അടിയിലെത്തി. മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുകയാണെങ്കിൽ അവിടെ നിന്ന് ഒഴുകിയെത്തുന്ന ജലം കൂടി ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കിയിലെ നടപടി. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെങ്കിലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.