ശക്തമായ മഴ: 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തില്‍ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (നവംബർ15 തിങ്കളാഴ്ച ) അവധി പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, കാസറഗോഡ് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കാസറഗോഡ് സ്കൂളുകൾക്ക് മാത്രമാണ് അവധി നൽകിയിരിക്കുന്നത്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും കേരളാ സര്‍വകലാശാലയും നാളെ നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും പരീക്ഷാ കണ്ട്രോളര് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല തിങ്കളാഴ്ച്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി സർവകലാശാല വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും ഉത്തരവില്‍ പറയുന്നു.
ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാർ അറിയിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചത്.
പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേതാണ്.
എറണാകുളം ജില്ലയിൽ നാളെ ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ളാസുകൾ മാത്രമാണ് നാളെ ഉണ്ടാവുകയെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. വിദ്യാർത്ഥികൾ സ്ഥാപനങ്ങളിൽ എത്തേണ്ടതില്ല. നേരത്തേ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഉത്തരവ് ബാധകമാണ്.
അതിശക്തമായ മഴ തുടരുന്നതിനാല്‍ കാലാവസ്ഥ വകുപ്പ് കാസര്‍ഗോഡ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധി പ്രഖ്യാപിച്ചു. എന്നാല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല.