Top Stories

ബിച്ചു തിരുമല അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

1972-ല്‍ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്ര ഗാനരംഗത്തേക്ക് വരുന്നത്. പിന്നീട് അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമുൾപ്പെടെ അയ്യായിരത്തോളം ഗാനങ്ങള്‍ ബിച്ചു തിരുമല മലയാളികൾക്കായി സമ്മാനിച്ചിട്ടുണ്ട്. നാനൂറിലേറെ സിനിമകളിലായി ആയിരത്തിലേറേ ഗാനങ്ങൾ അദ്ദേഹം രചിച്ചു.

ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് എഴുപതുകളിലും എണ്‍പതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു. പ്രമുഖ സംഗീതസംവിധായകനായ എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ ഈണം നല്‍കിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങള്‍ എഴുതിയതും അദ്ദേഹമാണ്.

രാകേന്ദു കിരണങ്ങള്‍, വാകപ്പൂമരം ചൂടും, മൈനാകം, ഓലത്തുമ്പത്തിരുന്ന്, ആലിപ്പഴം, തേനും വയമ്പും തുടങ്ങി മലയാളികളുടെ ഓര്‍മയില്‍ എന്നുംനിലനില്‍ക്കുന്ന പാട്ടുകള്‍ പിറന്നത്  ബിച്ചുവിന്‍റെ തൂലികത്തുമ്പിൽ നിന്നാണ്.  1985-ൽ പുറത്തിറങ്ങിയ ‘സത്യം’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി. ശക്തി എന്ന ചിത്രത്തിനായി കഥയും സംഭാഷണവും, ഇഷ്ടപ്രാണേശ്വരി എന്ന ചിത്രത്തിന് തിരക്കഥയും രചിച്ചിട്ടുണ്ട്. കൂടാതെ നിരവധി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന പുരസ്കാരം രണ്ടുതവണ ലഭിച്ചിട്ടുണ്ട്.

സി.ജെ. ഭാസ്കരന്‍ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1941 ഫെബ്രുവരി 13നാണ് ബിച്ചു തിരുമല ജനിച്ചത്. ബി. ശിവശങ്കരന്‍ നായര്‍ എന്നാണ് യഥാര്‍ഥ പേര്. പ്രശസ്ത ഗായികയായ സുശീലാ ദേവി, സംഗീതസംവിധായകന്‍ ദര്‍ശന്‍ രാമന്‍ എന്നിവരാണ് സഹോദരങ്ങള്‍.   പ്രസന്നയാണ് ഭാര്യ. സുമന്‍ മകനാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button