Top Stories
സി ഐ സുധീറിനെതിരെ നടപടി: കോണ്‍ഗ്രസ് കുത്തിയിരിപ്പ് സമരം മൂന്നാം ദിവസം
കൊച്ചി : മൊഫിയയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സി ഐ സുധീറിനെ സസ്പെൻഡ് ചെയ്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് ആലുവ പോലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസവും തുടരുകയാണ്. ബെന്നി ബഹന്നാന് എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരാണ് സമരം നടത്തുന്നത്. മൊഫിയ പര്‍വീണിന്റെ ആത്മഹത്യക്ക് കാരണക്കാരനായ സിഐ സിഎല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്യും വരെ സമരം തുടരാനാണ് തീരുമാനം.
ഗാര്‍ഹിക പീഡന പരാതിയില്‍ കേസ് എടുക്കുന്നതില്‍ സിഐ സിഎല്‍ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒക്ടോബര്‍ 29 ന് പരാതി കിട്ടിയിട്ടും കേസ് എടുത്തത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ മാത്രമാണ്. 25 ദിവസം ഈ പരാതിയില്‍ സിഐ സി.എല്‍ സുധീര്‍ കാര്യമായി ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് വകുപ്പ് തല അന്വേഷണത്തിലെ കണ്ടെത്തല്‍.
ഈ പശ്ചാത്തലത്തിലാണ് അന്വേഷണം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎസ്പി വി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. ബന്ധുക്കള്‍ ഉയര്‍ത്തിയ എല്ലാ പരാതികളും പുതിയ സംഘം അന്വേഷിക്കും.
അതേസമയം, ഭര്‍ത്താവിന്റെ വീട്ടില്‍ മോഫിയ പര്വ്വീണ് നേരിട്ടത് കൊടി പീഡനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നു.ഭര്‍ത്താവ് സുഹൈല്‍ ലൈംഗീക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.