നാവികസേനാ മേധാവിയായി അഡ്മിറല്‍ ആര് ഹരികുമാര്‍ ചുമതലയേറ്റു
ന്യൂഡല്‍ഹി : നാവികസേനാ മേധാവിയായി അഡ്മിറല്‍ ആര് ഹരികുമാര്‍ ചുമതലയേറ്റു. ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രതിരോധമന്ത്രാലയ ആസ്ഥാനത്ത് രാവിലെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശേഷമാണ് ഹരികുമാര്‍ ചുമതലയേറ്റത്.
നാവികസേനാ മേധാവി കരംബീര്‍ സിങ് വിരമിച്ച ഒഴിവിലാണ് തിരുവനന്തപുരം സ്വദേശിയായ ഹരികുമാറിന്റെ നിയമനം. നാവികസേനാ മേധാവിസ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ്. നാവികസേനാ മേധാവിയായി 2024 ഏപ്രിൽ വരെ ഹരികുമാറിന് തുടരാനാകും.
മുംബൈ ആസ്ഥാനമായുള്ള പശ്ചിമഘട്ട നേവല്‍ കമാന്‍ഡിന്റെ കമാന്‍ഡ് ഇന്‍ ചീഫായി പ്രവര്‍ത്തിക്കുകയായിരുന്നു. നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് 1983 ല്‍ ഇന്ത്യന്‍ നാവികസേനയിലെത്തിയ ഹരികുമാര്‍ ഐഎന്‍എസ് നിഷാങ്ക്, ഐഎന്‍എസ് കോറ, ഐഎന്‍എസ് വിരാട്, ഐഎന്‍എസ് റണ്വീര് ഉള്‍പ്പെടെ അഞ്ചു പടക്കപ്പലുകളുടെ തലവനായും പ്രവര്‍ത്തിച്ചു.
മുംബൈ സര്‍വകലാശാലയിലും യുഎസ് നേവല്‍ വാര് കോളജിലും ലണ്ടനിലെ കിങ്സ് കോളജിലുമായിരുന്നു ഉപരിപഠനം പരം വിശിഷ്ട സേവാ മെഡല്‍ (PVSM), അതി വിശിഷ്ട സേവാ മെഡല്‍ (AVSM), വിശിഷ്ട സേവാ മെഡല്‍ (VSM) എന്നിവ ലഭിച്ചിട്ടുണ്ട്.