Politics
കോടിയേരി അവധിയെടുത്ത് മാറിനിൽക്കേണ്ട, തൽക്കാലം വിശ്രമിക്കാം
തിരുവനന്തപുരം:സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിയെടുത്ത് മാറിനിൽക്കേണ്ട, എന്നാൽ ചികിത്സ തുടരുന്ന സമയത്ത് അദ്ദേഹത്തിന് വിശ്രമിക്കാം എന്ന് സി പി എം നേതൃത്വ തലത്തിൽ ധാരണയായി.
എ.കെ.ജി. സെന്ററിലെത്തി കോടിയേരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ അവെയ്ലബിൾ പൊളിറ്റ് ബ്യൂറോയും എ.കെ.ജി. സെന്ററിൽ ഹാജരായ സെക്രട്ടേറിയറ്റ് അംഗങ്ങളും ഇക്കാര്യം ചർച്ചചെയ്തു. കോടിയേരിക്ക് ചികിത്സയ്ക്കാവശ്യമായ സൗകര്യം ഉറപ്പാക്കിയുള്ള ക്രമീകരണം മതിയെന്ന തീരുമാനമാണ് നേതൃതലത്തിലുണ്ടായത്.
പാർട്ടി സെക്രട്ടറിയുടെ അസാന്നിധ്യത്തിൽ ദൈനംദിന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പാർട്ടി സെക്രട്ടറിയേറ്റ് അംഗങ്ങളെ ആരെയെങ്കിലും ചുമതലപ്പെടുത്തിയേക്കും എന്നും റിപ്പോർട്ടുണ്ട്.
അതിനിടെ കോടിയേരി ബാലകൃഷ്ണൻ അവധിക്ക് അപേക്ഷ നൽകി എന്ന് മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സി പി എം അറിയിച്ചു.