യൂട്യൂബർക്കെതിരെ ആക്രമണം: ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം : യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. തമ്പാനൂർ പോലീസാണ് തിരുവനന്തപുരം അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
യൂട്യൂബറായ വിജയ് പി.നായരെ ലോഡ്ജിൽ അതിക്രമിച്ച് കയറി മർദിച്ചെന്നും ശേഷം ദേഹത്ത് മഷിയൊഴിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. അതിക്രമിച്ചുകയറിയതിനും മർദിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഡിസംബർ 22-ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
2020 സെപ്തംബര്‍ 26 നായിരുന്നു കേസിന് ആസ്പദമായ കയ്യേറ്റം നടന്നത്. വിജയ് പി നായര്‍ യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പുറമേ ഭാഗ്യലക്ഷ്മിക്കെതിരെയും മോശം പരാമര്‍ശം നടത്തി. ഇതിനുപിന്നാലെ ഭാഗ്യലക്ഷമി, ശ്രീലക്ഷമി അറയ്ക്കല്‍, ദിയാ സന എന്നിവരടങ്ങുന്ന സംഘം ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ കടന്നു കയറി ആക്രമിക്കുകയും കറുത്ത മഷി ഒഴിക്കുകയും ചെയ്യുകയായിരുന്നു.