Top Stories

ഇനി വോട്ടേഴ്സ് ഐഡി ആധാറുമായി ബന്ധിപ്പിക്കണം

File pic

ന്യൂഡൽഹി : വോട്ടേഴ്സ് ഐഡി കാര്‍ഡിനെ ആധാറുമായി  ബന്ധിപ്പിക്കാൻ അനുമതി നൽകുന്ന നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ശബ്ദവോട്ടുകളോടെയാണ് ‘ദ ഇലക്ഷൻ ലോസ് (അമെൻഡ്മെന്റ്) ബിൽ 2021’ സഭയിൽ പാസായത്. കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

കള്ളവോട്ടു തടയുക എന്നതാണ് ഭേദഗതി ബില്ലിലൂടെ ലക്ഷ്യംവെക്കുന്നത്. ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട്ട് ഇല്ലാതാകും. ഒരാൾക്ക് ഒരിടത്തുമാത്രമേ വോട്ട് രേഖപ്പെടുത്താൻ കഴിയൂ. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വരുന്നവരോട് ആധാര്‍ നമ്പര്‍ ആവശ്യപ്പെടാന്‍ ഇലക്‌ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് അനുവാദം നല്‍കുന്നതാണ് ബില്‍. വോട്ടര്‍പ്പട്ടികയില്‍ ഇതിനോടകം പേരുചേര്‍ക്കപ്പെട്ട ആളെ തിരിച്ചറിയുന്നതിന് ആധാര്‍ നമ്പര്‍ ചോദിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ബില്‍ അനുമതി നല്‍കുന്നു.

അതേസമയം ആധാര്‍ നമ്പര്‍ നല്‍കിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ നിന്ന് ഒരു വ്യക്തിയെയും ഒഴിവാക്കരുതെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. വോട്ടവകാശം ആദ്യമായി ഉപയോഗിക്കാന്‍ പോകുന്നവര്‍ക്ക് വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നാലുതവണ വരെ അവസരം നല്‍കുന്നതുമാണ് ബില്‍.

അതേസമയം, ആധാർ നമ്പറുമായി തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ബന്ധിപ്പിക്കുന്നതിനെതിരെ കോൺഗ്രസ്, എ.ഐ.എം.ഐ.എം., ബി.എസ്.പി. തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സർക്കാർ നീക്കം പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുന്നതിലൂടെ പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കപ്പെടുമെന്നും പ്രതിപക്ഷം ആരോപിച്ചു. ബിൽ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button