പി ടി തോമസ് അന്തരിച്ചു
തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസ് അന്തരിച്ചു. വെല്ലൂര്‍ ക്രസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ വച്ച് രാവിലെ പത്ത് മണി കഴിഞ്ഞായിരുന്നു അന്ത്യം. ദീർഘകാലമായി അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.
ഏത് കാര്യങ്ങളിലും തന്റെതായ നിലപാടുള്ള വ്യക്തിത്വമായിരുന്നു പി ടി തോമസ്. ഗാഡ്ഗിൽ പോലുള്ള പരിസ്ഥിതി വിഷയങ്ങളിൽ ശക്തമായ നിലപാടിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.
ഇടുക്കി ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12ന് ജനിച്ച പിടി തോമസ് കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. തൊടുപുഴ ന്യൂമാൻ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, മഹാരാജാസ് കോളേജ്, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പഠനം.
കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുതൽ സംസ്ഥാന പ്രസിഡന്റ് വരെ ആയി.1980-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ തോമസ് 1980 മുതൽ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 2007-ൽ ഇടുക്കി ഡി.സി.സിയുടെ പ്രസിഡന്റായി. നിലവിൽ കെ പിസി സി വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു അദ്ദേഹം.
1990-ൽ ഇടുക്കി ജില്ലാ കൗൺസിൽ അംഗമായി. 1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021 ൽ വീണ്ടും തൃക്കാക്കരയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്ണു തോമസ്, വിവേക് തോമസ്.