മോൻസന്റെ കള്ളപ്പണ ഇടപാട്: നടി ശ്രുതി ലക്ഷ്മിയെ ഇ.ഡി ചോദ്യം ചെയ്തു
കൊച്ചി : പുരാവസ്തു തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുന്ന മോന്സണ് മാവുങ്കലിനെതിരായ കള്ളപ്പണക്കേസില്‍ നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.
ശ്രുതിയുമായി മോന്സണ് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി നോട്ടീസ് അയച്ചത്. മോന്സണ് മാവുങ്കലിന്റെ വീട്ടില്‍ നടന്ന പിറന്നാളാഘോഷത്തില്‍ നൃത്ത പരിപാടി അവതരിപ്പിച്ചത് ശ്രുതി ആയിരുന്നു. മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട് മോന്‍സണിന്റെ അടുത്ത് താന്‍ ചികിത്സ തേടിയിരുന്നതായും ശ്രുതി ലക്ഷ്മി നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പുരാവസ്തു വാങ്ങുന്നതും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട മോന്‍സന്റെ സാമ്പത്തിക കൈമാറ്റത്തില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി ഇ.ഡിക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് മോണ്‍സണുമായി ഇടപാട് നടത്തിയവരെ ചോദ്യം ചെയ്യുന്നത്.