News

ജി.കെ പിള‌ള അന്തരിച്ചു

തിരുവനന്തപുരം : ചലച്ചിത്ര നടന്‍ ജി.കെ പിള‌ള അന്തരിച്ചു. 97 വയസായിരുന്നു. മലയാള സിനിമയില്‍ ഏറ്റവും മുതിര്‍ന്ന നടനായിരുന്നു അദ്ദേഹം. വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ ജി കെ പിള്ള 325 ൽ അധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയിലൂടെയാണ് ജി.കെ പിള‌ള എന്ന ജി.കേശവപിള‌ള മലയാള സിനിമയിലേക്കെത്തിയത്. പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശനം.

ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്‌നാപക യോഹന്നാന്‍, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ്, കണ്ണൂര്‍ ഡീലക്‌സ്, സ്ഥാനാര്‍ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിന്‍ എക്‌സ്‌പ്രസ് എന്നീ ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടു. പ്രേംനസീര്‍ ചിത്രങ്ങളിലെ സ്ഥിരം വില്ലനായിരുന്നു ജികെ പിള്ള. വടക്കന്‍പാട്ട് ചിത്രങ്ങളിലെ വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്.  ജി.കെ. പിള്ളയുടെ ഉയരമേറിയ ശരീരപ്രകൃതവും ഘനഗാഭീര്യമുള‌ള ശബ്‌ദവും വില്ലന്‍ വേഷങ്ങള്‍ക്ക് കൂടുതല്‍ തന്മയത്വം നല്‍കി. വില്ലന്‍ വേഷങ്ങള്‍ കൂടാതെ സ്വഭാവ നടനായും അദ്ദേഹം തിളങ്ങി.

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്‌കൂളില്‍ വിദ്യാഭ്യാസം. ഇദ്ദേഹത്തോടൊപ്പം പ്രേംനസീര്‍, ഭരത്‌ ഗോപി, ശോഭന പരമേശ്വരന്‍ നായര്‍ തുടങ്ങിയവർ ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു.

എണ്‍പതുകളുടെ അവസാനം വരെ സിനിമകളില്‍ സജീവമായിരുന്നു അദ്ദേഹം. 1972ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന സിനിമയില്‍ സഹ സംവിധായകനായും ജി കെ പിള്ള പ്രവര്‍ത്തിച്ചു. 2005മുതലാണ് ജി കെ പിള്ള ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. കടമറ്റത്തു കത്തനാര്‍ ആയിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യ സീരിയല്‍. തുടര്‍ന്ന് വിവിധ ചാനലുകളിലായി നിരവധി സീരിയലുകളില്‍ ജി കെ പിള്ള അഭിനയിച്ചു. 2011-14 കാലത്ത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ‘കുങ്കുമപ്പൂവ്’ എന്ന സീരിയലില്‍ ജി കെ പിള്ള അവതരിപ്പിച്ച കഥാപാത്രം കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹത്തെ പ്രിയങ്കരനാക്കി.

ജി കെ പിള്ളയുടെ ഭാര്യ ഉത്പലാക്ഷിയമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടു. മക്കൾ പ്രതാപചന്ദ്രന്‍, ശ്രീകല ആര്‍ നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹന്‍, പ്രിയദര്‍ശന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button