കണ്ണൂര്‍ വി സി: നിയമനം ഹൈക്കോടതി ഡിവിഷന് ബഞ്ചും ശരിവെച്ചു
കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ സര്‍ക്കാരിന് ആശ്വാസം. വൈസ് ചാന്‍സലര്‍ നിയമനം ഹൈക്കോടതി ഡിവിഷന് ബഞ്ചും ശരിവെച്ചു. വിസി പുനര്‍ നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ തള്ളിയത്. വിസി നിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി വീണ്ടും നിയമിച്ചത് ചോദ്യം ചെയ്ത് സെനറ്റ് അംഗം പ്രേമചന്ദ്രന് കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷന് ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സര്‍ക്കാര്‍ നടപടി സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പുനര്‍നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
പുതിയ നിയമനമല്ല മറിച്ച് പുനര്‍ നിയമനമാണ് നടത്തിയതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഏറ്റവും പ്രധാനപ്പെട്ട നിയമപ്രശ്നമായി കോടതി പരിഗണിച്ചത് ആദ്യ നിയമനവും പുനര്‍ നിയമനവും സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളാണ്. ആദ്യ നിയമനത്തിലാണ് പ്രായപരിധി അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടത്. സെര്‍ച്ച് കമ്മറ്റി അടക്കമുള്ള കാര്യങ്ങള്‍ വേണ്ടത് ആദ്യ നിയമനത്തിലാണ്. പുനര്‍ നിയമനത്തിലും ഇതേ മാനദണ്ഡങ്ങള്‍ പിന്തുടരണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇതാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിരാകരിച്ചത്. പുനര്‍ നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയുള്‍പ്പെടെ ആവശ്യമില്ലെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ വിലയിരുത്തല്‍.
കണ്ണൂര്‍ വിസി പുനര്‍നിയമനം സ്വജനപക്ഷപാതമാണെന്ന് ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദുവിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയും നേരത്തേ ലോകായുക്തയും തള്ളിക്കളഞ്ഞിരുന്നു.