News

മാർക്ക് ദാനം: ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കി എംജി സർവകലാശാല

കോട്ടയം: ബി.ടെക് വിദ്യാർത്ഥികളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കി എം. ജി സർവ്വകലാശാല. വിവാദ മാർക്കുദാനം വഴി വിജയിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളാണ് സർവകലാശാല റദ്ദാക്കിയത്. സർട്ടിഫിക്കറ്റുകൾ തിരികെ നൽകാനാവശ്യപ്പെട്ട് എം.ജി സർവകലാശാല വിദ്യാർത്ഥികൾക്ക് മെമ്മോ അയച്ചു . മാർക്കുദാനം പിൻവലിക്കൽ നടപടിയുടെ ഭാഗമായി ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയെന്ന് മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്.കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡുകൾ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ എന്നിവ റദ്ദാക്കിയെന്നറിയിച്ചാണ് പരീക്ഷാ കൺട്രോളർക്കുവേണ്ടി സെക്ഷൻ ഓഫീസർ ഇവർക്ക് മെമ്മോ നൽകിയത്.

മെമ്മോ ലഭ്യമായി 45 ദിവസത്തിനകം രേഖകൾ തിരികെ എത്തിക്കണം. റദ്ദാക്കിയ സർട്ടിഫിക്കറ്റുകൾ കൈവശം വച്ചാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും മെമ്മോയിൽ വ്യക്തമാക്കുന്നു. നവംബർ 29 ന് ഇറക്കിയ ഉത്തരവിലൂടെയാണ് സർവകലാശാല സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയത്.

ബി.ടെക് സപ്ലിമെന്ററി പരീക്ഷയ്ക്ക് സർവകലാശാല കൂടുതലായി നൽകിയ അഞ്ച് മാർക്കു വഴി 118 വിദ്യാർത്ഥികളാണ് വിജയിച്ചത്. മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി കെ. ഷറഫുദീന്റെ ബന്ധുവിന് ഒരു മാർക്ക് കൂടുതൽ നൽകാൻ സർവകലാശാല അദാലത്തിൽ തീരുമാനിച്ചിരുന്നു. ഇത് വിവാദമാകാതിരിക്കാൻ ബി.ടെക് സപ്ലിമെന്ററി പരീക്ഷയിൽ ഒരു പേപ്പറിന് തോറ്റ എല്ലാവർക്കും അഞ്ച് മാർക്ക് കൂടുതൽ നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. 118 വിദ്യാർത്ഥികളാണ് അപേക്ഷ നൽകി വിജയിച്ചത്. ഇവർ ഡിഗ്രി സർട്ടിഫിക്കറ്റും പെട്ടെന്നു വാങ്ങിച്ചെടുത്തു. ഭുരിപക്ഷം വിദ്യാർത്ഥികളും ഉപരിപഠനത്തിന് മറ്റു സർവകലാശാലകളിൽ പ്രവേശനവും നേടി. ഇത് വിവാദമായതോടെയാണ് മാർക്കുദാനം റദ്ദാക്കിയുള്ള സിൻഡിക്കേറ്റ് തീരുമാനം ഉണ്ടായത്.

അതേസമയം, എം.ജി സർവകലാശാല അക്ട് അനുസരിച്ച് ഡിഗ്രി സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ സിൻഡിക്കേറ്റിന് അധികാരമില്ലെന്നും ചാൻസലറായ ഗവർണർക്കാണ് അധികാരമെന്നും ആരോപിച്ച് ചെന്നിത്തല വീണ്ടും രംഗത്തു വന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജയിച്ച വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചാൽ ഡിഗ്രി സർട്ടിഫിക്കറ്റ് റദ്ദാക്കിയ നടപടി നിലനിൽക്കില്ലെന്നാണ് വാദം. സിൻഡിക്കേറ്റ് തീരുമാനം അക്കാഡമിക് കൗൺസിലും പരീക്ഷാ പാസ്ബോർഡും അംഗീകരിച്ച ശേഷം അന്തിമ തീരുമാനമെടുക്കാൻ അധികാരം ചാൻസലർക്കാണ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button