Cinema

ഷെയിൻ നിഗം പ്രശ്നത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ വീണ്ടും

കൊച്ചി: ഷെയിൻ നിഗവും നിർമ്മാതാക്കളുമായുള്ള തർക്കത്തിൽ  ഒത്തുതീർപ്പിന് വഴിയൊരുങ്ങുന്നു. ഷെയ്ൻ നിഗം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവുമായും, നടൻ സിദ്ധിക്കുമായും ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. സിദ്ധിഖിന്റെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.

മുടങ്ങിക്കിടക്കുന്ന സിനിമകൾ പൂർത്തീകരിക്കാൻ തയ്യാറാണെന്ന് ഷെയ്ൻ നിഗം അമ്മ ഭാരവാഹികൾക്ക് ഉറപ്പു നൽകി.അതേസമയം ഷെയ്ൻ പറഞ്ഞ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികൾ രണ്ടു ദിവസത്തിനകം ചർച്ച നടത്തും. വെയിൽ എന്ന സിനിമക്ക് എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്.15 ദിവസമാണ് നേരത്തെ നടന്ന ഒത്തുതീർപ്പു ചർച്ചയിൽ സംവിധായകൻ ആവശ്യപ്പെട്ടതെങ്കിലും സെറ്റിലെത്തിയപ്പോൾ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകൻ പറയുന്നിടത്ത് നിന്നാണ് പ്രശ്നങ്ങൾ വീണ്ടും തുടങ്ങിയതെന്നാണ് പറയുന്നത്.

സിനിമയുടെ കുറേയധികം ഭാഗങ്ങൾ ചിത്രീകരിക്കാനുണ്ടെന്നും സംവിധായകൻ പറഞ്ഞ സമയത്ത് സിനിമ തീർക്കാൻ എത്രശ്രമിച്ചാലും സാധ്യമാകില്ലെന്നുമാണ് ഷെയ്നിന്റെ നിലപാട്. ഇക്കാര്യത്തിൽ ഫെഫ്ക നേതൃത്വം സംവിധായകനുമായി ആശയവിനിമയം നടത്തിയ ശേഷം അമ്മ ജനറൽ സെക്രട്ടറിയെ കാര്യങ്ങൾ ധരിപ്പിക്കും. ഇക്കാര്യങ്ങളിൽ വ്യക്തത വന്ന ശേഷമാകും നിർമാതാക്കളുടെ സംഘടനയുമായി ചർച്ച നടത്തുക.

ഷെയ്ൻ നിഗവും സംവിധായകനും നിർമാതാവും ഒന്നിച്ചിരുന്നുള്ള ചർച്ച ആവശ്യമില്ലെന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്. വിവിധ സംഘടനകളുടെ നേതൃത്വമായിരിക്കും ഇക്കാര്യത്തിൽ പരസ്പരം ചർച്ച നടത്തി തീരുമാനം കൈക്കൊള്ളുക. തീരുമാനം അംഗീകരിക്കാൻ ഷെയ്ൻ നിഗം സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button