News
സിനിമാക്കാർക്ക് നേരെ അധിക്ഷേപം, സന്ദീപ് വാര്യരെ തള്ളി ബിജെപി
തിരുവനന്തപുരം : സിനിമാ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും വ്യക്തിപരമായി അധിക്ഷേപിച്ചും ഫേസ്ബുക് പോസ്റ്റിട്ട യുവമോർച്ച നേതാവ് സന്ദീപ് ജി വാര്യരെ തള്ളി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവരോട് പക പോക്കുന്നത് ബിജെപി നയമല്ലെന്ന് രമേശ് പറഞ്ഞു.സന്ദീപിൻ്റെ നിലപാട് വ്യക്തിപരമാണെന്നും അത് ബിജെപി യുടെ അഭിപ്രായമല്ലന്നും എംടി രമേശ് വ്യക്തമാക്കി.
ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായമുണ്ട്. അഭിപ്രായപ്രകടനം നടത്താനാണ് നവമാധ്യമങ്ങൾ ഉപയോഗിക്കുന്നത്.സിനിമാക്കാർക്ക് എതിരായ സന്ദീപ് വാര്യരാരുടെ അഭിപ്രായം വ്യക്തിപരമാണ്. ഫേസ്ബുക്കിൽ കുറിക്കുന്നത് വ്യക്തിപരമായ നിലപാടാണ്,
ബിജെപിയുടെ നിലപാടല്ല. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവരോട് പക പോക്കുന്നതു ബിജെപി നയം അല്ല അത്തരത്തിൽ ഒരു നീക്കവും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും എംടി രമേശ് വ്യക്തമാക്കി.
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ സിനിമാ പ്രവർത്തകർക്കെതിരെ സന്ദീപ് വാര്യർ രംഗത്തു വന്നതാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടത്.രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന സിനിമാക്കാർ, പ്രത്യേകിച്ച് നടിമാർ വരുമാന നികുതി കൃത്യമായി അടച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും നാളെ നികുതി വെട്ടിപ്പ് പിടിച്ചാൽ കണ്ണീരൊഴുക്കരുതെന്നും
അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല എന്നുമാണ് സന്ദീപ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നത്.
ഇതിനെതിരെ ‘ചാണകത്തിൽ ചവിട്ടില്ലെ’ന്ന് ആഷിഖ് കുറിച്ചപ്പോൾ ‘വിഡ്ഢികളെ പ്രശസ്തരാക്കുന്നത് നമുക്ക് നിര്‍ത്താം’ എന്ന് റിമയും കുറിച്ചു. നടി ഫിലോമിനയുടെ “ആരട നാറി നീ” എന്ന ഐക്കോണിക് ഡയലോഗോടു കൂടിയ ചിത്രവും റിമ പങ്കുവെച്ചിരുന്നു. ഇതാണ് സന്ദീപിനെ ചൊടിപ്പിച്ചത്. ഇതോടെ റിമക്കെതിരെ വ്യക്തിപരമായ ആക്രമണവുമായി സന്ദീപ് രംഗത്തെത്തുകയായിരുന്നു.
“റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം? കഞ്ചാവ് കച്ചവടക്കാരെ സാംസ്കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം.” എന്നായിരുന്നു സന്ദീപിൻ്റെ റീമയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റ്.
ഇതിനു പിന്നാലെ മോഹൻലാലും ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന ടെക്സ്റ്റും ഉൾപ്പെടുന്ന ഒരു ചിത്രവും സന്ദീപ് ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തു. ‘ലാലേട്ടൻ പണ്ടേ പറഞ്ഞിട്ടുണ്ട്. ചുമ്മാതാണോ പൊരിച്ച മത്തി ടീമിന് ലാലേട്ടനോട് കലിപ്പ്.’ എന്നും ചിത്രത്തോടൊപ്പം സന്ദീപ് കുറിച്ചു.