News
കോയമ്പത്തൂരിൽ വാഹനാപകടം:2 കുട്ടികൾ ഉൾപ്പെടെ 4 മലയാളികൾ മരിച്ചു
കോയമ്പത്തൂർ: കോയമ്പത്തൂരിൽ മധുക്കര ദേശീയ പാതയിലുണ്ടായ വാഹനാപടകത്തിൽ കാർയാത്രക്കാരായ 4 മലയാളികൾ മരിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശികളായ രമേഷ് (50), മീര (38), ആദിഷ (12), ഋഷികേശ് (ഏഴ്) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന രാജൻ, ആതിര, നിരഞ്ജൻ, വിപിൻ എന്നിവർ പരിക്കുകളോടെ ആശുപത്രിയിലാണ്.
ഈച്ചനാരി ടോൾഗേറ്റിന് സമീപം ചെട്ടിപാളയം ഭാഗത്ത് ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം.
കേരളത്തിലേക്ക് വരുകയായിരുന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സിങ്കപ്പൂരിൽ സ്ഥിരതാമസക്കാരനായ വിപിൻദാസിനെയും കുടുംബത്തെയും യാത്രയയക്കുവാൻ കോയമ്പത്തൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു സംഘം.