News
സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് സുഹൃക്കളായ മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം;ഹെൽമറ്റ് ധരിക്കാഞ്ഞത് തലയ്ക്കേറ്റ ഗുരുതരപരിക്കിന് കാരണമായി
തിരുവനന്തപുരം : പോത്തൻകോട് വെമ്പായം പെരുംകൂറിൽ സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ മൂന്നു യുവാക്കൾ മരിച്ചു. വെമ്പായം മൊട്ടമൂട് പാളയംകെട്ടി തടത്തരികത്തു വീട്ടിൽ വേണുവിന്റെയും ഷീലയുടെയും മകൻ മനു (26), വട്ടപ്പാറ കണക്കോട് കല്ലുവാക്കുഴി വിഷ്ണുഭവനിൽ കൃഷ്ണൻ കുട്ടിയുടെയും കുമാരിയുടെയും മകൻ വിഷ്ണു (27), വട്ടപ്പാറ വേറ്റിനാട് കല്ലുവാക്കുഴി വീട്ടിൽ വാസുവിന്റെയും കമലമ്മയുടെയും മകൻ ഉണ്ണി (35) എന്നിവരാണ് മരിച്ചത്. ഞായർ രാത്രി 9.45 മണിയോടെ പെരുംകൂറിൽ ആയിരുന്നു അപകടം.
ബസും സ്കൂട്ടറും അമിതവേഗത്തിലായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു.അറുപതോളം
യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്നു മല്ലപ്പള്ളിയിലേക്കു പോകുകയായിരുന്നു ബസ്. സ്കൂട്ടറിൽ യാത്ര ചെയ്ത രണ്ടു പേർ ബസിനടിയിലും മറ്റൊരാൾ ദൂരേക്കും തെറിച്ചു വീണു. മൂന്നു പേർക്കും തലയ്ക്ക് ഗുരുതര പരുക്കേറ്റു.ഉടൻ സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസാണ് രണ്ടു പേരെ തങ്ങളുടെ വാഹനത്തിലും ഒരാളെ മറ്റൊരു കാറിലും മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചത്.
തലയ്ക്കേറ്റ ഗുരുതര പരുക്കാണ് സുഹൃത്തുക്കളായ വിഷ്ണുവിന്റെയും മനുവിന്റെയും ഉണ്ണിയുടെയും ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയത്.സ്കൂട്ടറിൽ എത്തിയവർ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിൽ പരുക്കിന്റെ ആഴം കുറഞ്ഞേനെ. ബസുമായുള്ള കൂട്ടിയിടിയിൽ റോഡിലേക്ക് ഇവർ തലയിടിച്ചു വീഴുകയായിരുന്നു.
ബസ് റോഡിനു കുറുകെ ആയതിനാൽ ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് കടന്നു പോകാനാകാത്ത അവസ്ഥയായിരുന്നു. ഗതാഗതം ഒരുമണിക്കൂറോളം സ്തംഭിച്ചു.