Top Stories
സൈനിക താവളത്തിൽ ഇറാൻ മിസൈലാക്രമണം:തിരിച്ചടിക്കാൻ നീക്കവുമായി അമേരിക്ക;ഗൾഫ് മേഖല യുദ്ധഭീതിയിൽ
വാഷിംഗ്ടൺ: ഇറഖിലെ യു.എസ് സൈനികതാവളത്തിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ ജാഗ്രതാ നിർദ്ദേശം. ഇറാഖ്, ഇറാൻ, പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിക്കരുതെന്ന് അമേരിക്കൻ യാത്രാവിമാനങ്ങൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നിർദേശം നൽകി.
അതേ സമയം അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണിലും, ട്രംപിന്റെ വസതിയായ വൈറ്റ് ഹൗസിലും തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. യു എസ് സൈനിക താവളത്തിൽ നടത്തിയ ആക്രമണത്തിൽ ഇറാനോട് ഏത് തരത്തിലുള്ള പ്രതികരണം വേണം എന്നതാണ് പ്രധാന ചര്‍ച്ചകള്‍ നടക്കുന്നത്. സൈനിക നടപടികളുടെ സാധ്യതകളാണ് പ്രധാനമായും അമേരിക്ക തേടുന്നത്. രാഷ്ട്രീയ സൈനിക ഉന്നതര്‍ ഉൾപ്പെടെയുള്ളവരാണ് യോഗം ചേർന്നത്. താമസം വരുത്താതെ ഇറാന് തിരിച്ചടി നൽകണം എന്നാണ് യോഗത്തിൽ ഉയർന്ന പൊതു വികാരം എന്നാണ് റിപ്പോർട്ട്.
ആക്രമണത്തിന് പിന്നാലെ ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചു കയറുകയാണ്. ഓയിൽ വില ഇതിനോടകം 3.5 ശതമാനം വർധിച്ചു.
ഇന്ത്യൻ സമയം പുലർച്ചെ അഞ്ച് മണിയോടെയാണ് ഇറാഖിലെ ഇർബിലിലേയും അൽ അസദിലേയും രണ്ട് അമേരിക്കൻ സൈനിക താവളങ്ങളിൽ ഇറാൻ വ്യോമാക്രമണം നടത്തിയത്. ഏതാണ്ട് 12ഓളം മിസൈലുകൾ ആണ് സൈനികതാവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ചതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ നാശനഷ്ടങ്ങളെ കുറിച്ച് വിവരം പുറത്തു വന്നിട്ടില്ല.