News
യുഎഇയിൽ കനത്ത മഴ; റോഡുകളിലും റൺവേകളിലും വെള്ളക്കെട്ട്
ദുബായ്: യുഎഇയില്‍ കനത്തമഴ. റോഡ്,വ്യോമ ഗതാഗതം താറുമാറായി. തീരദേശമേഖലകളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.പടിഞ്ഞാറൻ ഉഷ്ണമേഖലയിൽ നിന്നുള്ള കാറ്റും തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ തുടരുന്ന അസ്ഥിരാവസ്ഥയുമാണ് കാറ്റിനും മഴയ്ക്കും കാരണം.
എല്ലാ എമിറേറ്റുകളിലും ഇടിയോടുകൂടിയ ശക്തമായ മഴ പെയ്യ്തു. റോഡുകളിലെ വെള്ളക്കെട്ട് ഗതാഗതം താറുമാറാക്കി. പലയിടങ്ങളിലും പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മഴയെതുടര്‍ന്ന് രാജ്യത്ത് താപനില 14 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു.വ്യോമ ഗതാഗതത്തെ മഴ കാര്യമായി ബാധിച്ചു. റൺവേയിലെ വെള്ളക്കെട്ട് കാരണം ദുബായിലേക്കുള്ള നാല് എയർ ഇന്ത്യ വിമാനങ്ങൾ ഇന്ന് സർവീസ് ക്യാൻസൽ ചെയ്തു. കാലിക്കറ്റ് ദുബായ് എയർ ഇന്ത്യ ഫ്ലൈറ്റ് ദുബായിൽ ലാൻഡ് ചെയ്യാൻ സാധിക്കാത്തത് കാരണം അൽ മഖ്ദൂം എയർപോർട്ടിലാണ് ഇറക്കിയത്. ചെന്നൈ ദുബായ് എയർ ഇന്ത്യ ഫ്ലൈറ്റ് ദുബായ് എയർപോർട്ടിലെ റൺവേയിൽ നിന്നും പാർക്കിംഗ് ബേയിൽ എത്താൻ അഞ്ചു മണിക്കൂർ സമയം എടുത്തു.
പടിഞ്ഞാറൻ തീരത്തുനിന്നും മറ്റു തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 25 മുതൽ 55വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാദികളിലേക്കും കടല്‍തീരങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് അറിയിച്ചു.