തിരുവനന്തപുരത്ത് ലാൻഡിംഗിനൊരുങ്ങിയ വിമാനത്തിൽ പട്ടം കുരുങ്ങി; ഭാഗ്യംകൊണ്ട് ഒഴിവായത് വൻ ദുരന്തം
തിരുവനന്തപുരം : തിരുവനന്തപുരത്ത് ലാൻഡിംഗിനൊരുങ്ങിയ വിമാനത്തിന്റെ എഞ്ചിനിൽ പട്ടം തട്ടി. ഒഴിവായത് വൻ ദുരന്തം. ഭാഗ്യംകൊണ്ടാണ് എൻജിനിലെ തീപ്പിടിത്തം ഒഴിവായതെന്നുകാട്ടി പൈലറ്റ് വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോൾ ടവറിൽ റിപ്പോർട്ട് നൽകി.
ബുധനാഴ്ച രാവിലെ 11.40-നാണ് സംഭവം. മാലദ്വീപിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു വരികയായിരുന്ന മാലദ്വീപ് എയർലൈനിന്റെ എയർബസ്-320 വിമാനത്തിലാണ് നാട്ടുകാർ പറത്തിയ പട്ടങ്ങൾ തട്ടിയത്. മുട്ടത്തറ വടുവത്ത് ക്ഷേത്രത്തിനും പരുത്തിക്കുഴിക്കും മധ്യേയുള്ള വ്യോമപാതയിലാണ് അപകടം. വിമാനത്താവളത്തിൽ ഇറങ്ങാനൊരുങ്ങിയ വിമാനത്തിന്റെ എൻജിനിലാണ് പട്ടം തട്ടിയത്. തീപിടിക്കുമെന്നു ഭയന്ന പൈലറ്റ് മുഹമ്മദ് ഹിനൂസി വിമാനം ചെറുതായി ചരിച്ചശേഷം സുരക്ഷിതമായി ഇറക്കുകയായിരുന്നു.
വിമാനത്താവള അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വലിയതുറ എസ്.ഐ. ജി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം വലിയതുറ, മുട്ടത്തറ സ്വീവേജ് ഫാം, പൊന്നറ സ്കൂൾ, പരുത്തിക്കുഴി തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധന നടത്തി. വ്യോമപാതയിൽ പട്ടംപറത്തുന്നതു നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും തുടരുന്നതായി അധികൃതർ പറഞ്ഞു.